ആയുര്‍വേദ കോളേജ് വിദ്യാര്‍ഥികളുടെ പേടി സ്വപ്നമായ ഒരു വിഷയം ആണ് "സംസ്കൃതം".
ആയുര്‍വേദത്തിലെ മിക്ക ഗ്രന്ഥങ്ങളും സംസ്കൃത ഭാഷയില്‍ ആണ് എന്നുള്ളത് കൊണ്ട് സംസ്കൃത ഭാഷയില്‍ ഉള്ള സാമാന്യ അറിവ് വിദ്യാര്‍ഥികള്‍ക്ക് അത്യാവശ്യമാണ്. അതുകൊണ്ട് തന്നെയാണ് ബി എ എം എസ് പരീക്ഷയുടെ രണ്ടാം സെമെസ്റ്ററില്‍ സംസ്കൃതം ഒരു പഠന വിഷയം ആയി ഉള്‍പ്പെടുത്തിയത്.
സംസ്കൃതവും ഹിന്ദിയും തമ്മില്‍ ധാരാളം സാമ്യങ്ങള്‍ ഉണ്ട്.
എനിക്ക് ഹിന്ദി എന്നു കേള്‍ക്കുമ്പോഴേ അലര്‍ജി ആയിരുന്നു.
സ്കൂള്‍ വിദ്യാഭ്യാസം അവസാനിച്ചപ്പോള്‍ "ഇനി ഹിന്ദി പഠിക്കെണ്ടല്ലോ" എന്നോര്‍ത്താണ് ഏറ്റവും കൂടുതല്‍ സന്തോഷിച്ചത്.
എസ് എസ് എല്‍ സി ഹിന്ദി പരീക്ഷയില്‍ ഓണത്തെ കുറിച്ച് ഒരു ഉപന്യാസം എഴുതാന്‍ ഉണ്ടായിരുന്നു.
അതു ഒരു വിധം എഴുതി.
മഹാബലിയുടെയും വാമനന്റെയും കഥ വിവരിച്ചു.
പക്ഷെ അതിന്റെ അവസാന ഭാഗം എത്തിയപ്പോള്‍ ശരിക്കും കുടുങ്ങി.
മഹാബലി വാമനനെ പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തി എന്ന ഭാഗം എഴുതുമ്പോള്‍ ശരിക്കും വിയര്‍ത്തു.
കാരണം "ചവിട്ടി താഴ്ത്തി" എന്നതിന് ഹിന്ദി വാക്ക് കിട്ടുന്നില്ല.
അതു എഴുതാതെ മുന്നോട്ട് പോകാനും കഴിയില്ല.





















